Sunday, March 5, 2017

ഒരു കൊച്ച് അനുഭവചിത്രം

ഒരു കൊച്ച് അനുഭവചിത്രം

(കഥയുമല്ല കവിതയുമല്ല)

ഇത്ര അടുത്ത്, മഴ കണ്ടുകൊണ്ട്,
മഴയെ അറിഞ്ഞുകൊണ്ട്
കിടക്കാന്‍ ഒരു മുറി ഉണ്ടായിരുന്നു എന്നത്
ഇന്നാണ് ഞാന്‍ തിരിച്ചറിയുന്നത്!!
ഈ മുറിയിലെ ജനലുകളും കതവും എല്ലാം
കൊട്ടിയടച്ചിരിക്കയായിരുന്നു
തുറന്നിട്ടാല്‍ എന്റെ സ്വകാര്യത ആരെങ്കിലും അപഹരിക്കുമോ എന്ന് ഭയന്ന്!
ഇതില്‍ നിറയെ പഴയ തുണികളും ഉപയോഗശൂന്യമായ വസ്തുക്കളും ആയിരുന്നു.

രണ്ടു ദിവസം മുന്‍പ് പതിവുപോലെ ആ പാഴവസ്തുക്കളുടെ ഇടയിലെ കട്ടിലില്‍  സ്വകാര്യത തേടി കിടക്കുമ്പോള്‍
പഠിച്ചുകൊണ്ടിരുന്ന എന്റെ മകള്‍ കുട്ടിക്കാലത്തെപ്പോലെ എന്റെ അരികില്‍ വന്ന് കിടക്കയും ഓരോന്ന് പറയുകയും ചെയ്തു
എന്തോ! എനിക്ക് പെട്ടെന്ന് ഒരു ജീവന്‍ വച്ചപോലെ!

പിറ്റേന്ന് തന്നെ ഞാനീ മുറി അറിയാതെ വൃത്തിയാക്കിത്തുടങ്ങി.
ആവശ്യമില്ലാത്ത ഓരോന്നായി പുറത്തുകൊണ്ടു കളഞ്ഞു..
ഒടുവില്‍  കട്ടിലും തലയിണയും ഒരു കുഞ്ഞു മേശയും കസേരയും
പിന്നെ എന്റ്രെ പ്രിയ പുസ്തകങ്ങളും മാത്രമായി.

എന്നിട്ടും ഞാന്‍ ജനലുകളോ കതവോ തുറന്നില്ല.
മുറിയിലെ സൌകര്യം ഓര്‍ത്ത് സന്തോഷിച്ചിരുന്നു.

ഇന്ന് പെട്ടെന്ന് ഒരു മഴ പെയ്തു. ഞാന്‍ റെസ്റ്റ് എടുക്കാനായി
റൂമില്‍ കയറിയ സമയം.
വെളിയിലെ പ്രഷര്‍കുക്കര്‍ ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാതെ പോയാലോ എന്നോര്‍ത്ത് കതവു തുറന്നിട്ടു!

പുറത്ത് കോരിച്ചൊരിയുന്ന മഴ!!
ഞാന്‍ ഉടന്‍ എന്റെ ഇടതുവശത്ത് മാറ്റാതെ ഇട്ടിരുന്ന കര്‍ട്ടനുകള്‍
പതിയെ വകഞ്ഞുമാറ്റി.
വെളിയില്‍, തൊട്ടരികിലായ് ഒരു ജനാലയ്ക്കപ്പുറം,  കറിവേപ്പിലമരവും പുളിഞ്ചിമരവും വാഴയും മന്ദാരവും
ഒക്കെ നിന്ന് മഴയത്ത് ആടിത്തിമിര്‍ക്കുന്ന മനോഹരമായ കാഴ്ച!!

എന്തേ ഇത്രനാള്‍ ഞാനീ കതവുന്‍ ജനലുകളും ബന്ധിച്ചു!
ആരെ ഭയന്ന്!!
ഇപ്പോള്‍ തുറന്നതോ!
ആരും വരില്ലെന്ന ഭയമില്ലായ്മയോ
അതോ എന്റെ മക്കള്‍ എനിക്ക് നല്‍കിയ സുരക്ഷിതത്തിലോ!!
എത്ര ദുരൂഹമാണ് മനുഷ്യമനസ്സുകള്‍!!!

പ്രാര്‍ത്ഥനഎന്നും പ്രാര്‍ത്ഥിക്കണം എന്നു പറയുന്നത്  എന്തിനാണെന്നോ!
തീരെ വയസ്സായി തനിയെ ആവുമ്പോള്‍  രണ്ടുമൂന്ന് വലിയ പ്രാര്‍ത്ഥനകള്‍ എങ്കിലും മനഃപാഠം ആക്കിയാല്‍ അതും ചൊല്ലിക്കൊണ്ട് കിടക്കുമ്പോള്‍ ചിലപ്പോള്‍ ആശ്വാസം തോന്നുമായിരിക്കും അതിനാണ്.

വളരെ പ്രയാസപ്പെട്ടെങ്കിലും മനസ്സിനെ പ്രാര്‍ത്ഥനയിലേയ്ക് വലിച്ചിഴയ്ക്കുക.
പതിയെ പതിയെ അത് ശാന്തമാവും.  പിന്നെ പ്രാര്‍ത്ഥനയില്‍ മുഴുകും. അതിന്റ് അര്‍ത്ഥത്തിലും മറ്റും.
അങ്ങിനെ
നമ്മുടെ തലച്ചോറിന്റെ കുറച്ചു ഭാഗം എങ്കിലും ദൈവവിശ്വാസം കുത്തിനിറച്ചാല്‍ അതിലും കുറച്ചേ ഈ വെളിയിലെ ലൌകീകവിഷയങ്ങള്‍ കൊണ്ട് നിറയൂ.
ലൌകീക വര്‍ത്തമാനങ്ങള്‍ കുത്തിനിറച്ചാല്‍ ഒടുവില്‍ വല്ലാത്ത വിമ്മിഷ്ടമാണ് മനസ്സില്‍. അതേസമയം ഒരല്പ സമയം പ്രാര്‍ത്ഥിക്കുകയോ അതല്ലെങ്കില്‍ മനസ്സിനെ ഒഴിച്ചിട്ട് വെറുതേ ഇരിക്കാനോ പറ്റിയാല്‍ എന്തു മനസ്സമാധാനം കിട്ടുമെന്നോ!

അതുകൊണ്ട് എനിക്ക്  പറയുവാനുള്ളത് ഒന്നുകില്‍ കുറച്ചുസമയം നിര്‍ബ്ബന്ധമായും പ്രാര്‍ത്ഥിക്കണം. അല്ലെങ്കില്‍ കുറച്ചുസമയം എല്ലാറ്റില്‍ നിന്നും വിട്ടകന്ന് മൌനമായി ഒരിടത്ത്  ഇരിക്കണം..ഒന്നും ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ച് ഇരിക്കുക. അപ്പോള്‍ മനസ്സ് പതിയെ ശാന്തമാകും.

Tuesday, February 14, 2017

പ്രഭാത സൂര്യനും ചാറ്റല്‍ മഴയും ഞാനും

രാവിലെയുള്ള സൂര്യനെ കാണുന്നത് വളരെ നല്ലതാണ് മനസ്സിനും ശരീരത്തിനും! പക്ഷെ, ഇന്ന് മിക്കവാറും സൂര്യന്‍ ഉദിക്കാന്‍ അല്പം താമസിക്കും. പുറത്ത് ചാറ്റല്‍ മഴയാണ്. ഇന്നലെ രാത്രിമുതല്‍. സുഖകരമായ, അധികമായപ്പോള്‍ അസുഖകരമായിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റും!

ഈ കാലാവസ്ഥ കിട്ടാനായിട്ട് കേരളത്തിലുള്ളവര്‍ ഒക്കെ സ്വപ്നം കാണുകയാവും! ഇവിടെ അതൊക്കെ ധാരാളം!! പക്ഷെ അതൊന്നും എന്റെ ഉള്ളില്‍ തട്ടുകയോ, എനിക്കായി കൂടിയാണ് ഈ നാട്ടിലെ സംഭവ വികാസങ്ങള്‍ ഒക്കെ എന്നോ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലാത്ത മനസ്സ്.

പ്രഭാത സൂര്യനെ ഇന്നെങ്കിലും, ഇനിയെങ്കിലും, കണ്ടുതുടങ്ങണം എന്നൊക്കെ കരുതി ഇരിക്കയായിരുന്നു. എങ്കിലും ഈ അന്യനാട്ടില്‍- നിറയെ ചീനക്കാര്‍ തിങ്ങിവിങ്ങിപ്പാര്‍ക്കുന്ന നാട്ടിൽ-, അപരിചിതമായ
പലേ സംസ്ക്കാരങ്ങളും ഉള്ള നാട്ടില്‍ എനിക്കായി മാത്രം ഒരു മുറിയുണ്ടാവുക, അവിടെ തരം കിട്ടുമ്പോള്‍ കയറി സ്വച്ഛമായി ഇരിക്കാനാവുക എന്നത് ഒരു മഹാഭാഗ്യം ആണ്. അവിടെ ഇരിക്കുമ്പോൾ സൂര്യനെ എന്നല്ല പുറത്തെ സംഭവങ്ങൾ എല്ലാം തന്നെ മറന്നുപോകുന്നു. ഉള്ളിലെ ലോകങ്ങൾ ഉണരുന്നു. നഷ്ടപ്പെട്ടെന്ന് കരുതുന്ന പലതും ഉയിർത്തെണീക്കുന്നു.

 എന്റെ ജീവിതത്തില്‍.കുറേ വര്‍ഷങ്ങള്‍ പൊരുത്തപ്പെടാനാകാത്ത തുലോം വിരുദ്ധങ്ങളായ ഇടപെടലുകളുമായി യോജിക്കാന്‍ പണിപ്പെട്ട് തളര്‍ന്ന് ഒടുവില്‍ കണ്ടെത്തിയ മാര്‍ഗ്ഗം ആണ്. തനിക്ക് ഇഷ്ടപ്പെട്ടതൊന്നും നേടാനോ നേടിത്തരാനോ ഈ ജന്മം ആരും ഇല്ല, ഉണ്ടാവില്ല എന്ന തിരിച്ചറിവ്!

ആദ്യത്തെ പടിയായി തനിക്ക് നഷ്ടം വന്നതൊക്കെ ഇവിടെ കണ്ടെത്താനായി പരിശ്രമം. നാട്ടിലെ പുല്ല്, പൂക്കള്‍ ചെടികള്‍, കിളികള്‍, പൂച്ചികള്‍ ഒക്കെ എനിക്ക് ഈ നാട് സ്വന്തമാക്കിതന്നുകൊണ്ടിരുന്നു. മഴ, വൃശ്ചികക്കാറ്റ് ഒക്കെ ഇവിടെയും ഉണ്ട്. മഴനനഞ്ഞ് നടക്കുമ്പോള്‍ വെറുതെ ഓര്‍ക്കാം ഇത് കേരളം ആണെന്ന്.. ഇരുവശവുമുള്ള ഫ്ലാറ്റുകളെ തീരെ അവഗണിച്ച് മഴയെയും കാറ്റിനെയും മരങ്ങളെയും പ്രകൃതിയെയും അറിഞ്ഞ് നടക്കുമ്പോള്‍ കേരളവും ഈ നാടുമായി വലിയ വ്യത്യാസം ഒന്നും ഇല്ല. ഭൂമിയുടെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രം. ഇടയ്ക്ക് ഒരു കടല്‍ ഉള്ളതാണ് പ്രശ്നം! അതില്ലായിരുന്നെങ്കില്‍ കുറെ മാസങ്ങള്‍ കാല്‍നടയായി യാത്രചെയ്യുമ്പോള്‍ കേരളത്തില്‍ എത്താം. മലേഷ്യയിലൂടെ തായ്ലാന്റിലൂടെ, ബർമ്മയിലൂടെയൊക്കെ ചുറ്റിവളഞ്ഞ് ഒരു കരമാര്‍ഗ്ഗം ഉണ്ട്. ഒടുവില്‍ ബോംബെയിലോ മട്രാസിലോ ഒക്കെ ചെന്ന് കയറാം. അതിനിടയിലൊക്കെ ഉള്ളവര്‍ ഇന്ത്യാക്കാരുടെയും ഒരു മിശ്രിതം ആണ്. പ്രകൃതവും സംസ്ക്കാ‍രങ്ങളും പ്രകൃതിയും ഒക്കെ.
ഒരു ഡൌൺ റ്റു ഏര്‍ത്തിനസ്സ് ആയ ചീനക്കാരുടെ ആചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നത്.. ഇന്ത്യയോടടുക്കുന്തോറും ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ സ്വാധീനം കൂടുന്നു. സാധുക്കളായ, പരിശ്രമികളായ ആള്‍ക്കാരാണ് അധികവും. ഇന്ത്യയിലെപോലെ പൊള്ളയായ പൊങ്ങച്ചങ്ങളോ, ഇംഗ്ലീഷുകാരെ അനുകരിക്കലോ തീരെ ഇല്ല. അതുതന്നെ ഏറ്റവും വലിയ ഭാഗ്യം!
( എന്റെ രാജ്യത്തെ- ഇന്ത്യയെ- ഞാൻ സ്നേഹിക്കുന്നോ വെറുത്തുതുടങ്ങിയോ!)

അപ്പോള്‍ പറഞ്ഞുവന്നത് സൂര്യനെയും മഴയേയും ഒക്കെ പറ്റി അല്യോ!
തുടരട്ടെ,

എന്റെ രാജ്യത്തെ സൂര്യന്‍ ഒരു രണ്ടു രണ്ടര മണിക്കൂര്‍ മുന്നേ ഇതിലൂടെ കടന്നുപോയി ഞങ്ങളെ വിളിച്ചുണര്‍ത്തിയിട്ടാണ് അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്..


എനിക്ക് ബകുളിനെയും സുവര്‍ണ്ണലതയെയും ഒക്കെപ്പോലെ വളരെ നല്ല കഥകള്‍ എഴുതണം എന്ന് വലിയ ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള ഒരു അനുഭവസമ്പത്ത്, ദീര്‍ഘവീക്ഷണം, വിശാലത ഒന്നും ഇല്ല. അതിനാല്‍ ഞാന്‍ ചുറ്റിനും കാണുന്നത് വിവരിക്കല്‍ തന്നെ തുടരാം എന്നുകരുതി..

എന്നെങ്കിലും ഒരിക്കല്‍  ഒരു ---- ഇന്ന നാട്ടു ഡയറി എന്നപേരില്‍ എന്റെ ബ്ലോഗ് പ്രസിദ്ധമായാലോ! അല്ലെങ്കില്‍ ആര്‍ക്കെങ്കിലും , പണ്ട് പണ്ട് കേരളത്തില്‍ നിന്നും പോയ ഒരു സാധു പെണ്‍കുട്ടി (ഈപ്പോൾ പെൺകുട്ടി അല്ല) എങ്ങിനെ അന്യനാടുമായി ഇഴുകിചേര്‍ന്നു എന്ന കഥ വായിച്ചറിയാമല്ലൊ.

വ്യത്യസ്ഥതകളാണ് കലകളുടെ വളര്‍ച്ചയ്ക്ക് ആവശ്യം. എല്ലാവരും ഒരേ പ്രാസത്തില്‍, ശൈലിയില്‍ കവിതകളും ഒരേ അളവുകോലുകള്‍ വച്ച്  കഥകളും ഒക്കെ എഴുതിക്കൊണ്ടിരുന്നാല്‍ അത് ബോറാവില്ലെ?!  വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും എല്ലായിടത്തും. വിജയിച്ചെന്ന് വരില്ല, പക്ഷെ എങ്കിലും സംഭവിക്കാതെ തരമില്ല. 

Thursday, February 9, 2017

രാത്രി ക്ലിനിക്കില്‍ പോയ കഥ

ഞാന്‍ ഇന്ന് രാത്രി ക്ലിനിക്കില്‍ പോയ കഥ എഴുതാം..
കുളീച്ച് പ്രാര്‍ത്ഥിച്ചിട്ട് അങ്ങിനെ വരുമ്പോള്‍ മകള്‍ഃ അമ്മേ ഇപ്പോള്‍ ഹോസ്പിറ്റലില്‍ പോയാല്‍ എത്രമണിക്ക് വരും?!
ങ്ഹേ! ഈ രാത്രിയിലോ!
രാവിലെ അവളോട് ചോദിച്ചായിരുന്നു എന്റെ മരുന്ന് തീര്‍ന്നുപോയി  ഡോക്ടറെ കണ്ട് വാങ്ങി വരട്ടെ എന്ന്. അവള്‍ പെര്‍മിഷന്‍ തന്നില്ല. 
സാരമില്ല് പരീക്ഷക്കുട്ടിയല്ലെ, പിണക്കണ്ട.. കൂട്ടിരിക്കാം എന്നു കരുതി അടങ്ങി..

ഇപ്പോള്‍ ദാ പോകാന്‍ പറയുന്നു. ഇപ്പോഴെങ്കില്‍ ഇപ്പോള്‍.
പക്ഷെ അമ്മേ ബസ്സില്‍ ഒക്കെ കയറി പോയി വരുമ്പോള്‍ ഒരുപാട് താമസിക്കില്ലേ
ഇന്റര്‍ചെയ്ചില്‍ ഇറങ്ങി വേറൊന്ന് എടുക്കണ്ടെ?
അച്ഛനെ വിളിച്ചു നോക്കൂ
അച്ഛന്‍ ഫോണ്‍ എടുക്കുന്നില്ല.. ഞാന്‍ ടാക്സി വിളിച്ചു പോയി വരാം.
ഓ.കെ.
വരുമ്പോള്‍ എനിക്ക് മൊക്കാ ഫ്രാപ്പി കൂടി
അതിന് അവിTe മെക്കെഡൊണാല്‍ഡ് ഉണ്ടോ
ഉണ്ടല്ലൊ, ഓപ്പസിറ്റ് ആയി
ഓഹ്! ഞാനവിടെ പോയിട്ടില്ല. റോഡ് ക്രോസ്സ് ചെയ്യണം.. രാത്രി.. 
ഞാന്‍ വേണമെങ്കില്‍ നോര്‍ത്ത് പോയിന്റില്‍ ഇറങ്ങി വാങ്ങി വരാം
മാണ്ട..
ഓക്കെ

ഞാന്‍ ഒരുങ്ങുന്നു. ടാക്സി ക്രിത്യ സമയത്ത് എത്തുന്നു..
ഞാന്‍ ഉള്ളെ കയറുന്നു.
നല്ല വലിയ ഒരു ചിരി തന്നു ഡ്രൈവര്‍!
എവിടെ പോണം?
'എനിക്ക് ക്ലിനിക്കില്‍ പോണം. എന്റെ മരുന്ന് തീര്‍ന്നുപോയി.
(ട്വിറ്ററില്‍ സംസാരിക്കാന്‍ പറ്റാതിരുന്ന പെന്‍ഡിംഗ് സംസാരം ഒക്കെ അഴിച്ചു വിട്ടു)
അവിടെയാണ് ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. അതുകൊണ്ട് ആ ക്ലിനിക്കാണ് പരിചയം' 
ഓഹോ! അപ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ റിച്ച് ആയി അല്ലെ?!
ങ്ഹെ!! - (ഓഹ്! തറവീട്! )
അത്.. പണ്ടും ഇങ്ങിനെയൊക്കെ തന്നായിരുന്നു. അമ്മായിയുde വീട് തറ ആയിരുന്നു.
പിന്നെ മക്കളൊക്കെ ഫ്ലാറ്റ് വാങ്ങി പിന്നീട് ഏണ്‍ ചെയ്ത് തറവീടുകള്‍ വാങ്ങി..
(കഷ്ടപ്പെട്ടാണ് എല്ലാവരും ജീവിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കട്ടെ)
അപ്പോള്‍ പിന്നെ നിങ്ങള്‍ ഇപ്പോള്‍ റിച്ച് ആയി! (അയാള്‍ എന്നെ റിച്ച് ആക്കിയിട്ടേ അടങ്ങൂ ഹും!)
'സത്യത്തില്‍ എനിക്കറിയില്ല .. ഞാന്‍ ഇന്ത്യയില്‍ നിന്ന് വന്നതാണ് അവിടെ ലാന്‍ഡഡ് പ്രോപ്പര്‍ട്ടി ഒന്നും അത്ര വില ഒന്നും ഇല്ല. ഇവിടത്തെ കാര്യം ഒന്നും എനിക്കറിയില്ല
(ഇവിടുള്ളവര്‍ അല്പം ദരിദ്രവാസികള്‍ ആണെന്ന് കരുതിക്കോട്ടെ.ഇന്ത്യക്ക് അല്പം വെയിട്ടും കൊടുക്കാം
ഹും!)

ഞാന്‍ ഓര്‍ത്തു.. നാട്ടില്‍ ഫ്ലാറ്റിനാണ് കോടിക്കണക്കിന് വില. ഇവിടെ തറ വീടിനും!
ഇതെന്തൊരു കോണ്ട്രാസ്റ്റ്! അവിടെ ഫ്ലാറ്റുകളൊക്കെ പട്ടണത്തില്‍ അല്യോ! അതാവും!
ആ എന്തോ ആവട്ട്..  എനിക്ക് മരുന്ന് വാങ്ങണം.. തിരിച്ച് മാളത്തില്‍ കയറണം.
അവിടെ എന്റെ ഹാംസ്റ്റര്‍, കുഞ്ഞു മീനുകള്‍, എന്റെ മക്കള്‍..ഒക്കെ ഉണ്ട്..

ക്ലിനിക്കില്‍ എത്തി

ഹായ്!
എന്റെ മരുന്ന് തീര്‍ന്നുപോയി.. ഞാന്‍ അടുത്ത പ്രാവശ്യം ഡോക്ടറെ കണ്ടോളാം. കുറച്ച് മരുന്ന് തരാമോ? (പ്രഷറിന്റെ മരുന്നാണ് ബോഡറിലാണ്.  എങ്കിലും കഴിക്കാമെന്ന് വച്ചു.)
അവര്‍- കൌണ്ടറില്‍ ഇരുന്ന ലേഡീസ്ത- തമ്മില്‍ എന്തോ മുറുമുറുക്കുന്നു
ഡോക്ടറെ കാണാതെ മരുന്നില്ല എന്നൊക്കെ പറയുന്നുണ്ട്..
ഞാന്‍: എന്റെ മരുന്ന് തീര്‍ന്നുപോയി , ഞാന്‍ ടാക്സി എടുത്തു വന്നത് മരുന്ന് വാങ്ങാ‍ാനാണ് (ഭര്‍ത്താവ് റെസ്പോണ്ട് ചെയ്യാത്തപ്പോള്‍ ഒക്കെ ഞാന്‍ ശരിക്കും അലവലാതി ചന്ത പെണ്ണുങ്ങളുടെ ഒരു സ്റ്റൈലില്‍ ഇങ്ങിനെ കാര്യം സാധിക്കാന്‍ ഉരുമ്പെട്ടിറങ്ങാറുണ്ട്- അദ്ദേഹം വലിയ സ്ഥിതിയില്‍ ചിലപ്പോള്‍ ഒരു ഗ്രൂപ്പിനും വേണ്ടാതെ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ എന്നോട് കൂdaan വരും.. പിന്നെ കുശാലാണ്. ദിവസവും ദോശയും  ലമണ്‍ ടീയു വാങ്ങി തരും! കൂടെ വന്ന് വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങും, പിന്നെ മക്കളെ വിളിക്കാനും തൊട്ടതിനും പിടിച്ചതിനും ഒക്കെ സഞ്ചരിക്കുമ്പോള്‍ നോമിനെയും പക്കത്തിരുത്തി പുതിയ പുതിയ വാഗ്ദാനങ്ങള്‍ ഒക്കെ തന്ന് സുഖിപ്പിച്ചാണ് നടക്കാറ്.. അപ്പോള്‍ എന്റെ പവ്വര്‍ ഒന്നു കാണണം. മല്ലികാ സുകുമാരന്റെ ഒരു ഗര്‍വ്വ് പോലെ ഒന്ന് കടന്നു കൂടും..കൊമ്പത്തെ.. പിന്നീട് അദ്ദേഹത്തിന് തിരക്ക് കൂdumbol നോമിനെ വലിച്ചെറിഞ്ഞ ഇല്ലാത്ത കുറ്റങ്ങളൊക്കെ വാരിതെച്ച് ഒരു പോക്കുണ്ട്..
നോമും വിടില്ല, 'കണ്ട ചീപ്പ് ഉണക്ക ദോശയും വാങ്ങി തന്ന് തടിപ്പിച്ച്, ഹും! 
ഇപ്പോള്‍ വലിയ ആള്‍ക്കാരെ കിട്ടിയപ്പോള്‍ .. അന്നെ പിള്ളേര്‍ പറഞ്ഞതാണ് അച്ഛന്‍ കളയുമ്പോള്‍ ഞങ്ങളുടെ അടുത്ത് വന്ന് ചാരാന്‍ വരല്ല്, ഞങ്ങള്‍ നോക്കില്ല എന്ന്!
ഇനിയിപ്പോ അവരേ ഉള്ളൂ..'
ഞങ്ങള്‍ കൂട്ടായി.. പണ്ടത്തെപ്പോലെ..
നേതാവ് നാടു നന്നാക്കലും.

ഞങ്ങളെ നോക്കുന്ന ഒരു ഭര്‍ത്താവും അച്ഛനും ഒക്കെ ആയി ജീവിച്ചിരുന്നെങ്കില്‍ എത്ര മനോഹരമായിരുന്നേനെ ഈ ഭൂമിയിലെ വാസം!
ആ.. എല്ലാം കൊതിക്കാനല്ലെ പറ്റൂ…
ആരൊക്കെയോ നല്ലവളായി ജീവിക്കാന്‍ പരുവപ്പെടുത്തി, ഒടുവില്‍ ആ നല്ലവളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉരുപ്പെടുത്തിയവര്‍ക്ക് പോലും ഇല്ലാതാനും!
അങ്ങിനെ പുറത്തായ അനാധ ജന്മങ്ങള്‍ നല്ല കുടുബ പെണ്ണുങ്ങള്‍ എല്ലാ നാട്ടിലും ഉണ്ട്.. അവരുടെയും അര്‍പ്പണം വേണം ഈ ഭൂമിക്ക്..
സാരമില്ല. എന്നെ പൊക്കിയതല്ല. പൊതുവേ പറഞ്ഞതാണ്.

അങ്ങിനെ ചീനത്തികള്‍ മനസ്സില്ലാ മനസ്സോടെ തന്നെ മരുന്നും വാങ്ങി, അടുത്ത സെവന്‍ ഇലവനീന്ന് ഒരു മൊക്കാ ഫ്രാപ്പിയും വാങ്ങി,  ടാക്സിയില്‍ വീടെത്തി..

ഇവിടെ എല്ലാരും ഉണ്ട്. ഹാംസ്റ്റര്‍ കൂട്ടില്‍ കിടന്ന് തരികിട.. മീനുകള്‍ ആസ് ആള്‍വേസ്.. സ്വിമ്മിംഗ്.. മകള്‍ ആസ് ആള്‍വേസ് ഇന്‍ ബുക്ക് വേള്‍ഡ്.. അനതര്‍ മകള്‍ ആസ് ആള്‍വേശ് നിയര്‍ ടി.വി ആnd ഡൂയിംഗ് ഹെര്‍ വര്‍ക്ക്സ്..

ഞാന്‍ വന്നു മക്കളേ!!
ഓഹ്! ഓ.കെ.

ചിലപ്പോഴൊക്കെ തോന്നും ഇവിടെ ഞാനാണോ കുഞ്ഞ്, അവരാണോ!
'ഓ. കെ. അമ്മാ ഗോ ടു യുവര്‍ റൂം.. ഡോണ്ട് ഡിസ്റ്റര്‍ബ്..'
കാപ്പി കിട്ടിയാ?
ആ കിട്ടി.
അത് തുറക്ക്..
എനിക്കറിയില.
പിന്നെ അമ്മയ്ക്ക് എന്തറിയാം അമ്മയ്ക്ക് എത്ര വയസ്സായി?
എനിക്ക് ഒരുപാട് വയസ്സായി. പക്ഷെ ഞങ്ങടെ നാട്ടില്‍ മോക്കാ ഫ്രാപ്പി ഒന്നും ഇല്ല
എന്നാലും കോമണ്‍ സെന്‍സ് മതിയല്ല അത് തുറക്കാന്‍
ഓ.കെ തുറന്നു!
നിനക്ക് അച്ചാര്‍ തുറക്കാന്‍ അറിയാമോ? (വെല്ലുവിളിച്ചേക്കാം)
ഹും! ഞാന്‍ എത്ര പ്രാവശ്യം തുറന്നിരിക്കുന്നു.
ഓഹ്! നിനക്കറിയില്ലാത്ത എത്ര എത്ര കാര്യങ്ങള്‍ എനിക്കറിയാമെന്നോ… എന്ന ഒരു പാട്ടും പാടി ഞാനെന്റെ റൂമിലേക്ക് പോയി\

തീരുന്നു കഥ. 

Wednesday, February 1, 2017

അനുഭവം ഗുരു

എവിടെയും പ്രശ്നങ്ങൾ ആണ്. സുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊരു വില കാണുമല്ലൊ, ആ വിലയാണ് ദുഃഖങ്ങള്‍ എന്നു കരുതിയാല്‍ മതി. ഈ ലോകത്തില്‍ ഒന്നും ഫ്രീയായി കിട്ടില്ല എന്നും ഓര്‍ക്കാം..

പറയാന്‍ വന്നത് ലക്ഷി നായരെ പറ്റിയാണ്. ലക്ഷിനായരെ ഇഷ്ടം ആയിരുന്നു. കുക്കറി ഷോയും കുക്കറി ബുക്കും ഒക്കെ കണ്ട് ഇഷ്ടം തോന്നിയതാണ്. അവരുടെ വസ്ത്രധാരണം ചിരി, ഗ്ലാമര്‍ (ഈ പ്രായത്തിലും ഗ്ലാമറോടെ ജീവിക്കാം എന്ന അറിവ്) ഒക്കെ മതിപ്പുളവാക്കി. ഡോക്ടര്‍ പദവി വല്ല കുക്കറി ഫീള്‍ഡിലൂടെയോ മറ്റോ കരസ്തമാക്കിയതാവും എന്നും കരുതി..

എന്നാല്‍ ഈയ്യിടെയുണ്ടായ കെടുതികളിലൂടെയാണ് അവര്‍ ലോ കോളേജിലെ പ്രിന്‍സിപ്പല്‍ ആണ് എന്നറിയുന്നത്. വിശ്വസിക്കാനായില്ല!. ഏറ്റവും ബഹുമാന്യമായ ഒരു പദവി അലങ്കരിച്ചിരുന്നിട്ടും കുക്കറി ഷോയ്ക്കൊക്കെ പ്രാധാന്യം നല്‍കിയല്ലൊ, ഭയങ്കര കഴിവുതന്നെ എന്നു കരുതി..

എന്നാല്‍ രണ്ടുമാസം മുന്‍പ് ഒരു ചാനല്‍ ഷോയില്‍ അവര്‍ ഹോസ്റ്റായി നടന്ന് ട്യൂറിസ്റ്റ് അറ്റ്രാക്ഷന്‍ ഉള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നിയിരുന്നു. ( അന്ന് പ്രിന്‍സിപ്പല്‍ ആണെന്നറിഞ്ഞിരുന്നില്ല എന്നിട്ടും) അയ്യോ! കുക്കറി ഷോയിലൂടെ നല്ല ഒരു പേരൊക്കെ സമ്പാദിച്ച ഈ മാന്യവനിതയ്ക്ക് ഇതു വേണമായിരുന്നോ എന്നും തോന്നി. ക്യാമറാമാന്‍ പ്രകൃതിഭംഗിയിലും കൂടുതല്‍ ശ്രദ്ധ ലക്ഷിനായരുടെ ചലനങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കൊടുത്തതുകണ്ടപ്പോഴും അവരെ പരിഹസിക്കും വിധം ഒരു ലജ്ജ തോന്നി. ഇത് അവരുടെ ഇമേജ് തകര്‍ക്കും തീര്‍ച്ച എന്നും കരുതി. കുറച്ചുകൂടി പ്രായം കുറഞ്ഞ മെലിഞ്ഞ് പെണ്‍കുട്ടികള്‍ ചെയ്യേണ്ട  വേഷം ആണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. ചതിയായിരിക്കുമോ! അവര്‍ക്ക് ഒരു കത്തെഴുതിയാലോ!

പിന്നേട് ആ അലോചന ഒക്കെ പുറം തള്ളി. അന്യനാട്ടിലാണെങ്കിലും ലോകത്തിന്റെ പോക്കിനൊത്ത് ആധുനികത കൈവരിക്കാനാവാതെ ജീവിക്കുന്ന എനിക്കെന്തവകാശം ഇതൊക്കെ പറയാന്‍!.. ഇനിയുള്ള ലോകത്തിന്റെ പോക്ക് ഇങ്ങിനെയാകാം. എന്നും കരുതി. ബഹുമാന്യതയ്ക്കും അപ്പുറമായിരിക്കും ഗ്ലാമറിന്റെയും മറ്റും സ്ഥാനം , അവര്‍ പരീക്ഷിച്ചു നോക്കട്ടെ, ആരുക്കു ചേതം! എന്നും കരുതി.. ഞാനായി എന്റെ പാടായി ടി.വിയും ഓഫ് ചെയ്ത് ഇങ്ങു പോന്നു.. എങ്കിലും മനസ്സില്‍ പറഞ്ഞു, ചാനലുകാര്‍ക്ക് കൊണ്ടുനടന്ന് പാഴിക്കളയാന്‍ ഒരിരയെക്കൂടി കിട്ടി! ഇനി മാക്സിമം ഉപയോഗപ്പെടുത്തി നശിപ്പിക്കും.. പാവം!

ഇപ്പോള്‍ സ്ഥിതിഗതികള്‍ ഇങ്ങിനെയൊക്കെ ആണെന്നറിഞ്ഞപ്പോല്‍ വല്ലാത്ത ഒരു വിഷമം.. കഷ്ടപ്പെട്ട് പഠിച്ച് ലോ പാസ്സായി , ഡോക്ടറേറ്റ് വരെ എടുത്ത ഒരു സ്ത്രീ.. ഒരു കോളേജ് ഭരിക്കുന്ന പ്രിന്‍സിപ്പല്‍, അതും പോരാഞ്ഞ് ഒന്നാന്തരം പാചകക്കാരി. രണ്ട് മക്കളുടെ അമ്മ, പണം സൌന്ദര്യം അന്തസ്സ് ഒക്കെ ഉണ്ടായിരുന്നിട്ടും ഒടുവില്‍..

നമ്മുടെ കയ്യില്‍ ദൈവം ഒരു സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ അത് മാന്യതയോടെ നിലനിര്‍ത്തേണ്ടത് നമ്മുടെ മാത്രം കടമയാണ്. അതുപോലെ അഹങ്കാരം ഒരു മനുഷ്യന്റെ അധഃപ്പതനത്തിന് കാരണമാകും എന്നതും ശ്രദ്ധേയം. ഇത്രയും സൌഭാഗ്യങ്ങള്‍ ഒരുമിച്ച് കിട്ടിയപ്പോള്‍ ഉണ്ടായ ഒരല്പം ഗര്‍വ്വ്, അതില്‍ നിന്നുണ്ടായ കുഞ്ഞു കുഞ്ഞു തിന്മകള്‍ വളര്‍ന്ന് സമൂഹത്തെ തിക്തമായി ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അധഃപ്പതനത്തിനു കാരണമായി..

Sunday, January 29, 2017

ദൈവവും നാമും

ഇന്നലെ ജ്ഞാനപ്പാന വായിച്ചു.
അതിലെ ചില വരികള്‍ ചിന്തിപ്പിച്ചതാണ്:

“ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കര്‍മ്മ ബദ്ധന്മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മ പാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയും
ദിക്ക്പാലകന്മാരുമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്പ കര്‍മ്മികളാകിയ നാമെല്ലാ‍മ്
അല്പ കാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടു,
കര്‍മ്മം കൊണ്ടു കളിക്കുന്നതിങ്ങനെ”

അപ്പോള്‍, ദൈവവും നാമും എല്ലാവരും കര്‍മ്മബദ്ധന്മാരാണെന്ന് ബോധ്യമായല്ലൊ!
ആര്‍ക്കും ആരെയും രക്ഷിക്കാനാവുകയില്ല.
എല്ലാവരുടെയും പ്രധാന ധര്‍മ്മം സ്വയം രക്ഷിക്കുക,
നിലനിര്‍ത്തുക, അവരവരുടെ കര്‍മ്മങ്ങള്‍
ഭംഗിയാം വണ്ണം അനുഷ്ഠിക്കുക മാത്രമാണ്.

ഒരു കളിക്കളത്തില്‍ ഇറങ്ങിയിട്ട്, അല്ലെങ്കില്‍ യുദ്ധക്കളത്തില്‍ ഇറങ്ങി നിന്നിട്ട് , എതിരാളികള്‍
അടുക്കുമ്പോള്‍ കളിക്കാതെ/നേരിടാതെ , ‘അയ്യോ ദൈവമേ
ഈ ചതിയന്മാര്‍ എന്നെ ദ്രോഹിക്കുന്നേ, ഓടിവന്ന് എന്നെ  രക്ഷിക്കേണമേ..’ എന്നു പറയുന്നതുപോലെയാണ്
നമ്മള്‍ ജീവിതത്തിലെ ദുര്‍ഘടങ്ങള്‍ വരുമ്പോല്‍ അത് തരണം ചെയ്യാന്‍ വഴികളാലോചിക്കാതെ ദൈവത്തിനടുത്തേയ്ക്കോടുന്നത്.
‘അത് എന്റെ ഇഷ്ടമല്ലാത്തവര്‍ ചെയ്ത ദ്രോഹം ആണ്
അവര്‍ ചീത്തവരും ഞാന്‍ നല്ലവനും ആണ് ദൈവമേ,
എന്നെ മാത്രം രക്ഷിക്കേണമേ’ എന്നു പറഞ്ഞ് അമ്പലത്തില്‍ ചെല്ലുന്നവന്റെ നേര്‍ക്ക് ദൈവത്തിനു തോന്നുന്ന പരിഹാസം, സഹതാപം, നിസ്സഹായത ഒക്കെ ഓര്‍ക്കാവുന്നതേ ഉള്ളൂ..

ദൈവങ്ങള്‍ക്കൊക്കെ മറ്റ് ഓരോരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട് അത് നന്നായി ചെയ്യാനായാലേ നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാനാവൂ..

സൂര്യന് ഒരുനിമിഷം റെസ്റ്റ് എടുക്കാതെ കറങ്ങിക്കൊണ്ടിരിക്കണം. ഒരു നിശ്ചിത അനുപാതത്തില്‍ ഭൂമിയില്‍ ചൂടെത്തിക്കയും വേണം. ഭൂമിയ്ക്ക് ഒരേ വേഗത്തില്‍, താളത്തില്‍ സ്വയം കറങ്ങുകയും സൂര്യനെ വലം വയ്ക്കയും വേണം. കാറ്റിന് വീശണം, മഴ പെയ്യണം,
അങ്ങിനെ ദൈവങ്ങളെന്ന് നാം കരുതുന്ന ഓരോ ശക്തിയും വീശ്ചകൂടാതെ അവരവരുടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുന്നത് കൊണ്ടാണ് നമുക്ക് ജീവന്‍ നിലനിര്‍ത്താനാവുന്നത്. ഇതെല്ലാം ഫ്രീയായി തരുന്ന ഈശ്വരന്‍ ഇനി നമുക്ക് ജീവിച്ചുകൂടി തരണോ? നമുക്കിഷ്ടമില്ലാത്തവരെ തളര്‍ത്താന്‍ സഹായിക്കണോ, നമ്മെ മാത്രം മുന്നേറാന്‍ സഹായിക്കണോ?! അത്രയ്ക്ക് സംസ്ക്കാരമില്ലാത്തവനോ ഈ അഖണ്ഡം മുഴുവന്‍ വാഴുന്ന സര്‍വ്വേശ്വരന്‍?!

നമ്മുടെ കടമ ആ ദാനം കിട്ടിയ ജീവന്‍ കൊണ്ട് നന്നായി ജീവിക്കാന്‍ ശ്രമിക്കുക, പറ്റുമെങ്കില്‍ ചുറ്റുമുള്ള ജീവികള്‍ക്ക് ഉപകാരവും ചെയ്യാനാവുക മാത്രമാണ്.

---
ഇന്നലെ സഹോദരന്‍ വന്ന് പറഞ്ഞു നിന്റെ നാളിന് എന്തോ ദോഷമുണ്ട്. ഇന്ന് കോവിലില്‍ ചെന്ന് അര്‍ച്ചന ചെയ്താല്‍ ദോഷം മാറിക്കിട്ടും.

അതുവരെ വളരെ നല്ല ഒരന്തരീക്ഷമായിരുന്നു വീട്ടിനുള്ളില്‍.
ഭാവിയെപ്പറ്റി ചര്‍ച്ചചെയ്തു, സഹോദരന്റെ ഒന്നു രണ്ട് സുഹൃത്തുക്കള്‍ വന്നു, ചായ കുടിച്ച്  സംസാരിച്ച് പോയി. അപ്പോഴാണ് അമ്പലത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
പെട്ടെന്ന് ഒരുങ്ങ്!  എനിക്കും അല്പം ഭയം തോന്നി, അല്ലെങ്കില്‍ അനുസരണ.
നല്ല കാര്യത്തിനല്ലെ, കുടുംബം മൊത്തം നന്നാവുന്നതിന്.. സമയമില്ലെങ്കിലും കൂടെ ചെന്ന് പ്രാര്‍ത്ഥിക്കാം.
പക്ഷെ വെളിയില്‍ ഇറങ്ങിയ ഉടന്‍ സഹോദരന് ടെന്‍ഷന്‍ തുടങ്ങി. എന്തൊക്കെയോ കാര്യങ്ങള്‍  വേണ്ടെന്നു വച്ചാവും വന്നിട്ടുണ്ടാവുക.
എനിക്കും വീട്ടില്‍ പാതി തീര്‍ത്ത ജോലികള്‍ മുഴുമിപ്പിക്കലും കാത്ത് കിടക്കുന്നു.
എന്നാലും ദൈവത്തിന്റെ പ്രീതിക്ക് വേണ്ടിയല്ലെ, ഓടിപ്പിടച്ച് ചെന്നു.
പക്ഷെ അദൃശ്യനായ ദൈവം പ്രസാദിച്ചോ എന്നറിയില്ല, ദൃശ്യമായി ഉണ്ടായിരുന്ന ഒത്തൊരുമ, സമാധാനം സന്തോഷം എല്ലാം ആ ഒറ്റ പോക്കില്‍ പോയിക്കിട്ടി!!

എനിക്ക് അപ്പോള്‍ തോന്നി. അല്പം കാശുമായി ചെന്ന് പൂജാരിയോട് ശുപാര്‍ശ ചെയ്ത് ദൈവത്തിനെക്കൊണ്ട് നമ്മെ രക്ഷിക്കാന്‍ supaarssa cheyyuന്നതിലും എത്രയോ മഹത്തരമായ പ്രാര്‍ത്ഥന ആണ് നമ്മുടെ ജോലികള്‍ ഒക്കെ തീര്‍ത്തിട്ട് സമാധാനമായി ഭക്തിയോടെ ഒരു തിരി കത്തിച്ചുവച്ച് നമ്മുടെ പൂജാമുറിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുക! അതായിരിക്കില്ലേ ദൈവത്തിനും കൂടുതല്‍ ഇഷ്ടം! അതുകൊണ്ടായിരിക്കില്ലേ അദ്ദേഹം നമുക്ക് അപ്പോള്‍ മനശ്ശാന്തി നല്‍കി പ്രസാദിക്കുന്നതും!!

[അമ്പലങ്ങളിലെ ദൈവ ചൈതന്യം അനുപമം ആണ്. അത് അവിടെ പോയാലേ അനുഭവിക്കാനാവൂ താനും. പക്ഷെ, സമയമുള്ളപ്പോൾ, സമാധാനത്തിനായി പോകണം.

ഞാൻ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോകുന്നത് തനിച്ചാണ്. അപ്പോൾ ദൈവവുമായി കൂടുതൽ അടുപ്പം കിട്ടും ]

ആത്മ

Monday, December 19, 2016

ഭൂമിയുടെ അധികാരികള്‍

ഒരു ഇടം ആദ്യമാദ്യം വന്നെത്തിയവര്‍ കയ്യടക്കുന്നു.
ഒരു ദിവസം കഴിഞ്ഞു വന്നെത്തിയവര്‍ പോലും അതിനു പിന്നില്‍ ആവുന്നു.
ഈ നിയമം അറിഞ്ഞും അറിയാതെയും പ്രാവര്‍ത്തികമാക്കുന്നവര്‍ ജീവിതത്തില്‍ മുന്നേറുന്നു. പാര്‍ട്ടികളില്‍, വിവാഹാഘോഷങ്ങളില്‍, ഒത്തുചേരലുകളില്‍ ഒക്കെ ആദ്യമാദ്യം വന്നവര്‍ അധികാരം/ കയ്യടക്കുന്നു. ഇതറിയാവുന്ന മിടുക്കര്‍ എത്തിയാലുടന്‍ ചെയ്യുന്നത് ആദ്യം വന്നെത്തിയവനെ തളര്‍ത്തുക ആയിരിക്കും.  അല്ലെങ്കില്‍ അവന് കിട്ടിയ പിന്‍ബലം ഇല്ലതാക്കുക, തട്ടിപ്പറിക്കുക, നിരായുധനാക്കുക. എന്നിട്ട് പതിയെ മുന്നേറും

പിന്നീട് വന്നവര്‍ ആദ്യം വന്നവരെ വെന്ന് മുന്നേറുന്നെങ്കില്‍ അതിനര്‍ത്ഥം ഒന്നുകില്‍ ആദ്യം വന്നവന്റെ ദാക്ഷിണ്യം, അല്ലങ്കില്‍ പിന്നീട് എത്തിയവരുടെ ചതിപ്രയോഗം
അല്ലെങ്കില്‍ ആദ്യം വന്നവന്റെ ബലഹീനത. എന്തൊക്കെയായാലും പിന്നീട് വന്നവര്‍ മുന്നേറുന്നെങ്കില്‍ അതിനര്‍ത്ഥം അവര്‍ അന്യായമായി, അധാര്‍മ്മികമായി പ്രവര്‍ത്തിച്ചു എന്നതുതന്നെയാണ്.  മൂത്തവരുടെ ബലഹീനത മുതലെടുത്തോ, അവരെ ചതിച്ചോ, അതുമല്ലെങ്കില്‍ അവരുടെ ഔദാര്യം സ്വീകരിച്ച് അവരെതന്നെ 
പിന്തള്ളിയവരോ ആണ്. അതുകൊണ്ട് അത്തരക്കാരെ കണ്ണടച്ച് വിശ്വസിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് അബദ്ധത്തില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്..

ഈ നിയമങ്ങള്‍ മനുഷ്യരില്‍ മാത്രമല്ല, ഒരു അക്വേറിയത്തിലെ മീനുകള്‍, ഹാംസ്ടറുകള്‍ , തുടങ്ങി ഇതര ജീവികളിലും പ്രകടമാണ്. സ്ഥലം കയ്യടക്കി സ്വന്തമാക്കാനുള്ള ദുര. അതു നിലനില്‍പ്പിന് അത്യന്താപേക്ഷിതമായതും അതാണല്ലൊ.

മരുമകളും അമ്മാവിയമ്മ പോര് ഒക്കെ ഈ നിയമലംഘനങ്ങളെ ചൊല്ലിയാവും നിലനില്‍പ്പിനായുള്ള, തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടം!
അതില്‍ തോല്‍ക്കുന്നവര്‍ ജയിക്കുന്നവരും ഒരുപോലെ. തെറ്റുകാരും ശരിയുള്ളവരും ഇല്ല. ജയിക്കുന്നവര്‍ ആയിരിക്കും ഇവിടെ അപഹാസ്യര്‍! 

ഈ ലോകത്തിന്റെ നിലനില്‍പ്പുപോലും അത്തരത്തിലാകുമ്പോള്‍(?!) 
നമ്മള്‍ ജീവിക്കുന്നത് ഒരുപക്ഷെ നരകത്തില്‍ ആയിരിക്കുമോ?!

പരസ്പരം പടവെട്ടാതെയും കൊന്നുതിന്നായും സമാധാനമായി ജീവിക്കാന്‍ തക്കവണ്ണം ഉള്ള ഇടങ്ങള്‍ കാണുമായിരിക്കാം. അതിനെയാണ് സ്വര്‍ഗ്ഗം എന്ന പേരിട്ട് നാം വിളിക്കുന്ന സങ്കല്പ ലോകം.